1 Corinthians 10

1സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; 2എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു 3മോശെയോടു ചേൎന്നു എല്ലാവരും 4ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു– 5എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. 6ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുൎമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.

7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു”

എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
8അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. 9അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കൎത്താവിനെ പരീക്ഷിക്കരുതു. 10അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. 11ഇതു ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. 12ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. 13മനുഷ്യൎക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

14അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. 15നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. 16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? 17അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. 18ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ? 19ഞാൻ പറയുന്നതു എന്തു? വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? 20അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. 21നിങ്ങൾക്കു കൎത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കൎത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. 22അല്ല, നാം കൎത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?

23സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവൎദ്ധന വരുത്തുന്നില്ല. 24ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 25അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. 26ഭൂമിയും അതിന്റെ പൂൎണ്ണതയും കൎത്താവിന്നുള്ളതല്ലോ. 27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. 28എങ്കിലും ഒരുവൻ: ഇതു വിഗ്രഹാൎപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. 29മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു? 30നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു? 31ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ. 32യെഹൂദന്മാൎക്കും യവനന്മാൎക്കും ദൈവസഭെക്കും ഇടൎച്ചയല്ലാത്തവരാകുവിൻ. 33ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

Copyright information for Mal1910